ഇന്ത്യൻ രാഷ്‌ട്രപതി
- admin trycle
- Mar 2, 2020
- 0 comment(s)
ഇന്ത്യൻ രാഷ്‌ട്രപതി
ഇന്ത്യയുടെ രാഷ്ട്രത്തലവനും പ്രഥമ പൗരനുമായ "ഇന്ത്യൻ രാഷ്‌ട്രപതി" രാജ്യത്തെ സായുധസേന വിഭാഗങ്ങളുടെ പരമോന്നത മേധാവിയുമാണ്. 'പ്രസിഡന്റ്' എന്ന പദവിയുടെ ചരിത്രം ഇന്ത്യയിൽ ബ്രിട്ടീഷ് കോളനിവൽക്കരണത്തിന്റെ അവസാനത്തോടെയാണ് ആരംഭിക്കുന്നത്. സ്വാതന്ത്ര്യാനന്തരം ഡോ. ബി ആർ അംബേദ്കറുടെ നേതൃത്വത്തിൽ ഒരു പുതിയ ഭരണഘടന തയ്യാറാക്കുകയും, ഈ ഭരണഘടന 1950 ജനുവരി 26 ന് പ്രാബല്യത്തിൽ വരുകയും അന്നുമുതൽ ഇന്ത്യ ഒരു റിപ്പബ്ലിക് രാജ്യമായി മാറുകയും ചെയ്തു. ബ്രിട്ടീഷ് ഭരണകാലത്ത്, ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണനിർവഹണത്തിലെ, ഏറ്റവും ഉയർന്നതും ഭരണം നിയന്ത്രിക്കുന്നതുമായ വ്യക്തി ഗവർണർ ജനറൽ ആയിരുന്നു. 1950 ജനുവരി 26 ന് ഈ പരമാധികാരാവും ഗവർണർ ജനറൽ എന്ന തസ്തികയും മാറ്റി "ഇന്ത്യൻ രാഷ്ട്രപതി" എന്ന പുതിയ തസ്തിക വന്നു. ഡോ. രാജേന്ദ്ര പ്രസാദ് ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയായി നിയമിക്കപ്പെട്ടു. ലോകത്തിലെ മറ്റ് ഭരണഘടനകളിൽ നിന്ന് മികച്ച സവിശേഷതകൾ തിരഞ്ഞെടുത്തുകൊണ്ടാണ് ഇന്ത്യൻ ഭരണഘടന സൃഷ്ട്ടിച്ചത്. അതുകൊണ്ടാണ് ഇന്ത്യൻ ഭരണഘടന അതിന്റെ ഉള്ളടക്കത്തിലും ചൈതന്യത്തിലും സവിശേഷമായത്. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം അമേരിക്കയുടെ ഭരണഘടനയിൽ നിന്നാണ്. അതുപോലെ ഇന്ത്യൻ പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പ് രീതി അയർലൻഡിൽ നിന്നും കടമെടുത്തതാണ്.
ഇന്ത്യൻ പ്രസിഡന്റ് സ്ഥാനം ലോകത്തെ മിക്ക പ്രസിഡന്റ് സ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമാണ്. ഇന്ത്യൻ പ്രസിഡന്റ് ഇന്ത്യയുടെ രാഷ്ട്രത്തലവനാണെങ്കിലും മന്ത്രിമാരുടെ ഉപദേശപ്രകാരം പ്രവർത്തിക്കാൻ ഭരണഘടന അനുശാസിക്കുന്നു. അതിനാൽ ഇന്ത്യൻ രാഷ്ട്രപതിയുടെ പങ്ക് ബ്രിട്ടീഷ് ചക്രവർത്തിയുടെയോ നെതർലാൻഡ്‌സ് അല്ലെങ്കിൽ സ്‌പെയിൻ പോലുള്ള രാജ്യങ്ങളിലെ രാജാക്കന്മാരുടേതിനോ സമാനമാണ് എന്ന് പറയാറുണ്ട്, അതായത് മന്ത്രിമാർക്ക് യഥാർത്ഥ അധികാരമുള്ള പാർലമെന്ററി സംവിധാനത്തിന്റെ റഫറി ആയി അദ്ദേഹത്തെ കണക്കാക്കാം. ജർമ്മനി, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങൾക്ക് ഇന്ത്യയ്ക്ക് സമാനമായ പ്രസിഡന്റ് സ്ഥാനങ്ങളുണ്ട്.
"റബ്ബർ സ്റ്റാമ്പ്" എന്ന വിളിപ്പേര് രാഷ്‌ട്രപതി സ്ഥാനത്തിന് പലപ്പോഴും ലഭിക്കാറുണ്ട്. എന്നാൽ പ്രസിഡന്റ് സ്ഥാനത്തെക്കുറിച്ച് വ്യാപകമായി ഗവേഷണം നടത്തിയ ലണ്ടൻ ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമൺവെൽത്ത് സ്റ്റഡീസിലെ പ്രൊഫസറായ ജെയിംസ് മാനർ പറയുന്നത് ഇന്ത്യൻ പ്രസിഡന്റുമാർ പൂർണമായും റബ്ബർ സ്റ്റാമ്പുകളല്ല എന്നാണ്. പൂർണ്ണമായ അധികാരങ്ങൾ ഇല്ലെങ്കിൽ പോലും രാഷ്ട്രത്തെ മുന്നോട്ടു കൊണ്ടുപോകുന്നതിന് അവർക്ക് കൃത്യമായ ചില അധികാരങ്ങൾ ഉണ്ട്. സർക്കാരിന്റെ നടപടികൾ പുനഃപരിശോധിക്കാൻ മന്ത്രിമാരോട് ഇവർക്ക് ആവശ്യപ്പെടാം, മാത്രമല്ല മന്ത്രിമാർക്ക് സ്വകാര്യ ഉപദേശം നൽകുകയും മുന്നറിയിപ്പുകൾ നൽകുകയും ചെയ്യാം. തിരഞ്ഞെടുപ്പിന് ശേഷം, പാർലമെന്റിൽ ഭൂരിപക്ഷം നേടാൻ ഒരു പാർട്ടിക്കും കഴിഞ്ഞിട്ടില്ലെങ്കിൽ, രാഷ്ട്രപതിക്ക് മന്ത്രിമാരുടെ ഉപദേശമില്ലാതെ പ്രവർത്തിക്കാൻ സ്വാതന്ത്ര്യമുണ്ട് അല്ലെങ്കിൽ പതിവ് പോലെ പ്രവർത്തിക്കണം. ഇത്തരത്തിൽ കൃത്യമായ ചില കടമകളും അധികാരങ്ങളും ഉള്ള വ്യക്തിയാണ് ഇന്ത്യൻ രാഷ്‌ട്രപതി. രാഷ്‌ട്രപതി ഭവനാണ് രാഷ്ട്രപതിയുടെ ഔദ്യോഗിക വസതി.
1.രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്
ഇന്ത്യൻ ഭരണഘടന പ്രകാരം, എല്ലായ്പ്പോഴും ഒരു രാഷ്ട്രപതി ഉണ്ടായിരിക്കും (ഭരണഘടനയുടെ ആർട്ടിക്കിൾ 52 കാണുക). രാജ്യത്തെ ഏറ്റവും ഉയർന്ന തിരഞ്ഞെടുപ്പ് പദവി വഹിക്കുന്ന അദ്ദേഹം ഭരണഘടനയിലെ വ്യവസ്ഥകൾക്കും 1952 ലെ രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നിയമത്തിനും അനുസൃതമായിട്ടാണ് തിരഞ്ഞെടുക്കപ്പെടുന്നത്. 1974 ലെ രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ചട്ടങ്ങളിലെ വ്യവസ്ഥകൾ ഈ നിയമത്തിന്റെ അനുബന്ധമാണ്, കൂടാതെ ഈ നിയമം രാഷ്ട്രപതിയുടെ ഓഫീസിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നതിന്റെ എല്ലാ വശങ്ങളും നിയന്ത്രിക്കുന്ന ഒരു സമ്പൂർണ്ണ കോഡ് രൂപീകരിക്കുന്നു.
ഔദ്യോഗിക പദവിയിൽ പ്രവേശിച്ച തീയതി മുതൽ അഞ്ച് വർഷത്തേക്കാണ് രാഷ്ട്രപതി അധികാരമേൽക്കുന്നത്. എന്നിരുന്നാലും, അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചാലും, അദ്ദേഹത്തിന്റെ പിൻഗാമി ഓഫീസിൽ പ്രവേശിക്കുന്നതുവരെ അദ്ദേഹം തുടരും[ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 56]. 1952 ലെ രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നിയമത്തിലെ സെക്ഷൻ 4 ലെ ഉപവകുപ്പ് (3) ലെ വ്യവസ്ഥകൾ പ്രകാരം രാഷ്ട്രപതിയുടെ ഓഫീസിലേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന വിജ്ഞാപനം, നിലവിലെ പ്രസിഡന്റിന്റെ കാലാവധി അവസാനിക്കുന്നതിന് അറുപത് ദിവസം മുമ്പ്, ഏത് ദിവസത്തിലും തിരഞ്ഞെടുപ്പ് കമ്മീഷന് പുറപ്പെടുവിക്കാം. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 324 പ്രകാരം രാഷ്ട്രപതി ഓഫീസിലേക്ക് തിരഞ്ഞെടുപ്പ് നടത്താനുള്ള അധികാരം ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിക്ഷിപ്തമാണ്.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 55 (3) അനുസരിച്ച്, കൈമാറ്റം ചെയ്യാവുന്ന ഒറ്റ വോട്ട് വഴി ആനുപാതിക പ്രാതിനിധ്യ സമ്പ്രദായത്തിന് അനുസൃതമായി രാഷ്ട്രപതിയുടെ തിരഞ്ഞെടുപ്പ് നടക്കും, അതായത് പാർലമെന്റിലെയും സംസ്ഥാന നിയമസഭകളിലേയും തെരഞ്ഞെടുക്കപ്പെടുന്ന ഒരു വിഭാഗം വോട്ടർമാർ അടങ്ങുന്ന തെരഞ്ഞെടുപ്പ് ഗ്രൂപ്പാണ് പ്രാതിനിധ്യ വോട്ടവകാശപ്രകാരം രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. അത്തരം തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് രഹസ്യ ബാലറ്റിലൂടെ ആയിരിക്കും.
ആർട്ടിക്കിൾ 58 അനുസരിച്ച്, ഒരു സ്ഥാനാർത്ഥി രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ഇനിപ്പറയുന്ന യോഗ്യതാ വ്യവസ്ഥകൾ പാലിക്കണം: ഇന്ത്യയിലെ ഒരു പൗരനായിരിക്കണം, 35 വയസ്സ് പൂർത്തിയാക്കിയിരിക്കണം, ലോക്സഭയിൽ അംഗമാകാൻ യോഗ്യത ഉണ്ടായിരിക്കണം, ഇന്ത്യാ ഗവൺമെന്റിന്റെയോ ഏതെങ്കിലും സംസ്ഥാന അല്ലെങ്കിൽ പ്രാദേശിക സർക്കാറിന്റെയോ അല്ലെങ്കിൽ ഗവൺമെന്റിന്റെ നിയന്ത്രണത്തിന് വിധേയമായ മറ്റ് അതോറിറ്റിയുടെയോ കീഴിൽ ഏതെങ്കിലും പദവികൾ വഹിക്കുന്ന ആളാവരുത്. എന്നിരുന്നാലും, സ്ഥാനാർത്ഥി രാഷ്ട്രപതിയുടെയോ ഉപരാഷ്ട്രപതിയുടെയോ ഗവർണറുടെയോ അല്ലെങ്കിൽ കേന്ദ്ര-സംസ്ഥാന മന്ത്രിസ്ഥാനങ്ങളോ വഹിച്ചിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അർഹതയുണ്ട്.
സാധാരണയായി പാർലമെന്റ് അംഗങ്ങൾ ന്യൂഡൽഹിയിൽ വോട്ടുചെയ്യുകയും ഡെൽഹി NCT പുതുച്ചേരി UT എന്നിവയുൾപ്പെടെ സംസ്ഥാന നിയമസഭകളിലെ അംഗങ്ങൾ ഓരോ സംസ്ഥാന/UT തലസ്ഥാനത്തും നിശ്ചയിച്ചിട്ടുള്ള സ്ഥലത്ത് വോട്ട് ചെയ്യുന്നു. എന്നാൽ ആവശ്യമെങ്കിൽ ഏതൊരു എംപിക്കും സംസ്ഥാന തലസ്ഥാനത്ത് വോട്ടുചെയ്യാനും, അതുപോലെ തന്നെ ഒരു എംഎൽഎ വോട്ടെടുപ്പ് തീയതിയിൽ ദില്ലിയിലാണെങ്കിൽ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിച്ച പോളിംഗ് ബൂത്തിൽ വോട്ടുചെയ്യാനും തിരഞ്ഞെടുപ്പ് കമ്മീഷൻ സൗകര്യങ്ങൾ നൽകുന്നതാണ്.
2.രാഷ്ട്രപതിയുടെ കടമകളും അധികാരങ്ങളും
റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ തലവനാണ് രാഷ്ട്രപതി എങ്കിലും പ്രധാനമന്ത്രിയാണ് യഥാർത്ഥ എക്സിക്യൂട്ടീവ് രൂപീകരിക്കുന്നത്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 74 (1) അനുസരിച്ച് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ ഉപദേശപ്രകാരം പ്രവർത്തിക്കേണ്ടതിനാൽ രാഷ്ട്രപതി നാമമാത്രമായ ചുമതലയുള്ള അധികാരിയായി കണക്കാക്കപ്പെടുന്നു.
രാജ്യത്തിന്റെ ക്ഷേമത്തിനായി രാഷ്‌ട്രപതി ചില കടമകളും അധികാരങ്ങളും നിർവഹിക്കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞയുടെ ആദ്യ ഭാഗത്തിൽ പരാമർശിക്കുന്നത് പോലെ ഇന്ത്യൻ ഭരണഘടനയെ പരിരക്ഷിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി ഈ അധികാരങ്ങൾ രാഷ്ട്രപതിക്ക് നൽകുന്നു. ഇന്ത്യൻ പ്രധാനമന്ത്രിയെ ഔദ്യോഗികമായി നിയമിക്കുന്നത് ഇന്ത്യൻ രാഷ്ട്രപതിയാണ്. മാത്രമല്ല, രാഷ്ട്രപതി മന്ത്രിസഭയെ നിയമിക്കുകയും പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം മന്ത്രിസഭയ്ക്ക് വകുപ്പുകൾ വിതരണം ചെയ്യുകയും ചെയ്യുന്നു. നിരവധി നിയമനങ്ങൾ നടത്തുന്നതിന് രാഷ്ട്രപതിക്ക് അധികാരമുണ്ട്. ഇന്ത്യൻ രാഷ്ട്രപതിക്ക് എക്സിക്യൂട്ടീവ്, ജുഡീഷ്യൽ, ലെജിസ്ലേറ്റീവ് അധികാരങ്ങളുണ്ട്.
വിവിധ മേഖലയിലുള്ള രാഷ്ട്രപതിയുടെ ചില അധികാരങ്ങൾ:
അഡ്മിനിസ്ട്രേറ്റീവ് - അറ്റോർണി ജനറൽ ഓഫ് ഇന്ത്യ, സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാർ, യുപിഎസ്‌സി, ഇലക്ഷൻ കമ്മീഷൻ, ഫിനാൻസ് കമ്മീഷൻ, കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ, സംസ്ഥാന ഗവർണർമാർ തുടങ്ങിയ അംഗങ്ങളെ രാഷ്ട്രപതി നിയമിക്കുന്നു. ഈ നിയമനങ്ങൾ പ്രധാനമന്ത്രിയുമായും മന്ത്രിസഭയുമായും ആലോചിച്ചാണ് നടത്തുന്നത്.
ലെജിസ്ലേറ്റീവ് - പാർലമെന്റിന്റെ ഇരുസഭകളും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായാൽ രാഷ്ട്രപതിക്ക് സംയുക്ത സമ്മേളനം വിളിക്കാൻ അധികാരമുണ്ട്. അതുപോലെ സാഹിത്യം, കല, ശാസ്ത്രം, സാമൂഹ്യ സേവനം എന്നിവയിൽ വൈദഗ്ധ്യമുള്ള 12 അംഗങ്ങളെ പാർലമെന്റിന്റെ ഉപരിസഭയിലേക്ക് നാമനിർദ്ദേശം ചെയ്യാൻ രാഷ്ട്രപതിക്ക് അധികാരമുണ്ട്. പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ബില്ലിന് രാഷ്‌ട്രപതി അനുമതി നൽകുമ്പോൾ മാത്രമാണ് അത് ഒരു നിയമമാകുന്നത്.
ജുഡീഷ്യൽ - സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരെ രാഷ്ട്രപതി നിയമിക്കുന്നു. ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയെ നിയമിക്കുമ്പോൾ സീനിയോറിറ്റി കണക്കിലെടുക്കുന്നു. ഒരു വ്യക്തിക്ക് വധശിക്ഷ നൽകപ്പെടുന്ന സാഹചര്യത്തിൽ രാഷ്ട്രപതിക്ക് ആ വ്യക്തിക്ക് മാപ്പുനൽകി വധശിക്ഷയിൽ ഇളവ് നൽകാനുള്ള അധികാരമുണ്ട്. എന്നിരുന്നാലും, കോടതിയുടെ തീരുമാനത്തെ രാഷ്ട്രപതിക്ക് അപലപിക്കാൻ കഴിയില്ല.
മിലിട്ടറി - പ്രതിരോധ സേനയുടെ കമാൻഡർ ഇൻ ചീഫ് ആണ് രാഷ്ട്രപതി. കരസേന, നാവികസേന, വ്യോമസേനാ മേധാവികളെ രാഷ്ട്രപതി നിയമിക്കുന്നു. യുദ്ധം പ്രഖ്യാപിക്കാനും സമാധാനം സ്ഥാപിക്കാനും രാഷ്ട്രപതിക്ക് അധികാരമുണ്ട്. എന്നാൽ ഇവയെല്ലാം പാർലമെന്റിന്റെ മേൽനോട്ടത്തിൽ നടപ്പാക്കപ്പെടുന്നു.
നയതന്ത്രം - മറ്റ് രാജ്യങ്ങളിലേക്ക് ഇന്ത്യയുടെ അംബാസഡർമാരെയും നയതന്ത്ര ദൗത്യങ്ങളെയും നിയമിക്കുകയും ഇന്ത്യയിലെ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞരെ അംഗീകരിക്കുകയും ചെയ്യുന്നത് രാഷ്ട്രപതിയാണ്. മറ്റ് രാജ്യങ്ങളുമായി കരാറുകളിൽ ഏർപ്പെടാൻ രാഷ്ട്രപതിക്ക് അധികാരമുണ്ട്.
സാമ്പത്തികം - പാർലമെന്റിൽ അവതരിപ്പിക്കുന്നതിനുമുമ്പ് ഒരു ബില്ലിന് രാഷ്ട്രപതിയുടെ മുൻകൂർ അനുമതി ആവശ്യമാണ്. പാർലമെന്റിൽ ബജറ്റ് അവതരിപ്പിക്കാൻ ഉത്തരവിടാൻ രാഷ്ട്രപതിക്ക് അധികാരമുണ്ട്. കണ്ടിൻജൻസി ഫണ്ടിൽ നിന്നുള്ള ഏത് ചെലവിനും രാഷ്ട്രപതിയുടെ അംഗീകാരം ആവശ്യമാണ്.
അടിയന്തിരാവസ്ഥയുമായി ബന്ധപ്പെട്ടത് - അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട ചില അധികാരം രാഷ്ട്രപതിക്ക് ഉണ്ട്, അതായത് രാഷ്ട്രപതിക്ക് ദേശീയ, സംസ്ഥാന അല്ലെങ്കിൽ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ അധികാരമുണ്ട്. ബാഹ്യ ആക്രമണമോ ആഭ്യന്തര കലാപമോ മൂലം രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുമ്പോൾ ദേശീയ അടിയന്തരാവസ്ഥ രാഷ്ട്രപതി പ്രഖ്യാപിക്കുന്നു. ഭരണഘടനയിലെ വ്യവസ്ഥകൾ അനുസരിച്ച് ഒരു സംസ്ഥാനത്തിന്റെ സർക്കാർ പ്രവർത്തിക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാന അടിയന്തിരാവസ്ഥ ഉണ്ടാവുന്നത്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരത പ്രതിസന്ധിയിലായിരിക്കുമ്പോൾ രാഷ്ട്രപതിക്ക് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാവുന്നതാണ്.