അരുന്ധതി റോയ്
- admin trycle
- May 3, 2020
- 0 comment(s)

അരുന്ധതി റോയ്
എഴുത്തുകാരി, അഭിനേത്രി, സാമൂഹിക പ്രവർത്തക എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രശസ്തയായ വ്യക്തിയായ അരുന്ധതി റോയ് മാൻ ബുക്കർ സമ്മാനത്തിനർഹയായ ആദ്യ ഇന്ത്യൻ വനിതയാണ്. പാരിസ്ഥിതിക, മനുഷ്യാവകാശ വിഷയങ്ങളിലെ ഇടപെടലുകളും ഇവരെ പ്രശസ്തയാക്കി.
1961 ൽ മേഘാലയയിലെ ഷില്ലോങ്ങിലാണ് അരുന്ധതി റോയിയുടെ ജനനം. സുസന്ന അരുന്ധതി റോയ് എന്നാണ് മുഴുവൻ പേര്. മാതാവ് മേരി റോയ് കേരളത്തിലെ സിറിയൻ ക്രിസ്ത്യൻ വിഭാഗഅരുന്ധതി റോയിത്തിൽപ്പെട്ടവരായിരുന്നു. ഒരു ബംഗാളി ഹിന്ദുവായിരുന്ന പിതാവ്‍ രാജീബ് റോയ് ഒരു ടീ പ്ലാന്റർ ആയിരുന്നു. സ്ത്രീകൾക്ക് അവരുടെ പിതാക്കന്മാരുടെ സ്വത്തിൽ തുല്യമായ വിഹിതം ലഭിക്കാനുള്ള അവകാശത്തിനായി, തിരുവിതാംകൂർ സിറിയൻ ക്രിസ്ത്യൻ പിന്തുടർച്ചാ നിയമത്തിനെതിരെ നടത്തിയ നിയമ പോരാട്ടത്തിലൂടെ ശ്രദ്ധേയയായ വ്യക്തിയായിരുന്നു മേരി റോയ്. ആ നിയമം അസാധുവാണെന്ന് ഈ കേസിൽ സുപ്രീംകോടതി 1986-ൽ വിധിച്ചു. തന്റെ കുട്ടിക്കാലം കേരളത്തിലെ കോട്ടയം ജില്ലയിലെ അയ്മനത്താണ് അരുന്ധതി ചെലവഴിച്ചത്. ഡൽഹിയിൽ നിന്നും ആർക്കിട്ടെക്ച്ചർ ബിരുദം നേടിയ അരുന്ധതി, പഠനത്തിനു ശേഷം ആർകിടെക്റ്റ്, എയ്റോബിക് പരിശീലക എന്നീ നിലകളിൽ ജോലി ചെയ്തു. 1989 ൽ 'ഇൻ വിച് ആന്നീ ഗിവ്സ് ഇറ്റ് ടു ദോസ് വൺസ്' എന്ന സിനിമയുടെ തിരക്കഥ രചിച്ച അരുന്ധതി റോയ് ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തു. പിന്നീട് 1992 ൽ ഇലക്ട്രിക് മൂൺ എന്ന ചിത്രത്തിനും നിരവധി ടെലിവിഷൻ പരിപാടികൾക്കും തിരക്കഥ രചിച്ചു.
രാഷ്ട്രീയ പ്രശ്‌നങ്ങളെ കുറിച്ച് എഴുതിയിരുന്ന അരുന്ധതി റോയ്, നർമദ ഡാം പ്രോജക്റ്റ്, ഇന്ത്യയുടെ ആണവായുധങ്ങൾ തുടങ്ങി നിരവധി വിഷയങ്ങളിൽ ശക്തമായ നിലപാടുകൾ എടുത്തു. അതിനാൽ തന്നെ അവരുടെ സാഹിത്യ ജീവിതം വിവാദങ്ങൾ നിറഞ്ഞതും ആയിരുന്നു. ഫൂലൻ ദേവിയെ അടിസ്ഥാനമാക്കി ശേഖർ കപൂറിന്റെ ബന്ദിറ്റ് ക്വീൻ എന്ന സിനിമയെ വിമർശിച്ച് കൊണ്ട് 1995 ൽ അരുന്ധതി റോയി എഴുതിയ രണ്ട് പത്ര ലേഖനങ്ങൾ ഇത്തരത്തിൽ വിവാദങ്ങൾ സൃഷ്ടിച്ചതായിരുന്നു. തന്റെ ചലച്ചിത്ര അവലോകനത്തിൽ സിനിമയെ “ദി ഗ്രേറ്റ് ഇന്ത്യൻ റേപ്പ് ട്രിക്ക്” എന്ന് അവർ അപലപിച്ചു. ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ സമ്മതമില്ലാതെയാണ് സംഭവം പുനർനിർമ്മിച്ചതെന്നും അവർ അപലപിച്ചു. കോളങ്ങൾ കോടതി കേസ് ഉൾപ്പെടെയുള്ള കോളിളക്കമുണ്ടാക്കി.
1997 ൽ റോയ് തന്റെ ആദ്യ നോവൽ 'ദി ഗോഡ് ഓഫ് സ്മോൾ തിംഗ്സ്' പ്രസിദ്ധീകരിച്ചു. പ്രമേയം കൊണ്ടും കഥാപാത്രങ്ങളെ അവതരിപ്പിച്ച രീതികൾ കൊണ്ടും വളരെ അധികം പ്രശസ്തി നേടിയ ഈ നോവൽ ഒരു ഇന്ത്യൻ എഴുത്തുകാരന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പുസ്തകമായി മാറി. റോയിയുടെ ബാല്യകാല ഓർമ്മകൾ ഈ നോവലിൽ നിറഞ്ഞിരിക്കുന്നുണ്ട്. 1998 ൽ ഈ നോവലിന് മാൻ ബുക്കർ പ്രൈസ് ലഭിച്ചു. ആദ്യമായി ഈ പുരസ്ക്കാരം ലഭിക്കുന്ന ഇന്ത്യക്കാരിയായി ഇതിലൂടെ അരുന്ധതി റോയ് മാറി. റോയിയുടെ തുടർന്നുള്ള സാഹിത്യ സൃഷ്ട്ടികൾ പ്രധാനമായും രാഷ്ട്രീയാധിഷ്ഠിത നോൺ ഫിക്ഷൻ കൃതികളായിരുന്നു. ഇതിൽ ഭൂരിഭാഗവും ആഗോള മുതലാളിത്ത യുഗത്തിൽ അവളുടെ ജന്മനാട് നേരിടുന്ന പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നു.
മറ്റ് പ്രധാന കൃതികൾ
പവർ പൊളിറ്റിക്‌സ് (Power Politics)-2001,ദി ആൾജിബ്ര ഓഫ് ഇൻഫൈനേറ്റ് ജസ്റ്റിസ് (The Algebra of Infinite Justice) -2001, വാർ ടോക്ക് (War Talk) -2003, പബ്ലിക് പവർ ഇൻ ദി ഏജ് ഓഫ് എംമ്പയർ (Public Power in the Age of Empire) -2004, ലിസണിങ് ടു ഗ്രാസ്സ്ഹോപ്പേഴ്‌സ് (Listening to Grasshoppers) -2009,ബ്രോക്കൺ റിപ്പബ്ലിക്: ത്രീ എസ്സേസ് (Broken Republic: Three Essays) -2011, ക്യാപ്പിറ്റലിസം: എ ഗോസ്റ്റ് സ്റ്റോറി (Capitalism: A Ghost Story) -2014,ദി മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ് (The Ministry of Utmost Happiness)-2017