എമുവാർ
- admin trycle
- Mar 7, 2020
- 0 comment(s)
എമുവാർ
നിരവധി യുദ്ധങ്ങൾ ലോകത്ത് നടന്നിട്ടുണ്ട്. എന്നാൽ ആദ്യം കേൾക്കുമ്പോൾ അസംബന്ധം എന്ന് തോന്നുന്നതും എന്നാൽ ആശ്ചര്യകരവുമായ ഒന്നാണ് എമുവാർ. എമുവാർ എന്ന പേരിൽ പ്രശസ്തി ആർജിച്ച വന്യ ജീവിവേട്ട, മനുഷ്യൻ വന്യജീവികളോട് തോറ്റ യുദ്ധമായിരുന്നു. 1932 ലാണ് ഓസ്ട്രേലിയ എമു പക്ഷികൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചത്.
ഒന്നാം ലോകമഹായുദ്ധത്തിനുശേഷം, നാട്ടിലേക്ക് മടങ്ങിയ സൈനികർക്ക് തൊഴിൽ നൽകാൻ ബുദ്ധിമുട്ട് നേരിട്ട ഓസ്‌ട്രേലിയൻ സർക്കാർ, അയ്യായിരത്തിലധികം വരുന്ന ഈ സൈനികർക്ക് പണവും രാജ്യത്തിന്റെ തരിശായ പടിഞ്ഞാറ് ഭാഗത്ത് ഭൂമിയും നൽകി. അവരുടെ ഉത്‌പന്നങ്ങൾക്ക് സബ്സിഡികളും മറ്റ് അനുകൂല്യങ്ങളും നൽകാമെന്ന സർക്കാർ ഉറപ്പിൻമേൽ പ്രത്യാശയോടെ അവർ അവിടെ കൃഷി ഇറക്കാൻ തുടങ്ങി. മുഖ്യമായും ഗോതമ്പ് ആയിരുന്നു കൃഷി ചെയ്തിരുന്നത്.
വരൾച്ചയും മഹാമാന്ദ്യവും ഓസ്ട്രേലിയയെ ബാധിച്ചത് പടിഞ്ഞാറൻ കർഷകരെയും പ്രതിസന്ധിയിലാക്കിയിരുന്നു, ഒപ്പം മറ്റൊരു ഭീഷണി കൂടി ഇവർക്ക് നേരിടേണ്ടി വന്നു. പ്രജനന കാലഘട്ടത്തിൽ ഉൾനാടുകളിലേക്ക് കുടിയേറിയ 20000 ത്തോളം വരുന്ന എമു പക്ഷികൾ ഇവരുടെ കൃഷി ഇടങ്ങളിലെക്ക് ഇറങ്ങുകയും വ്യാപകമായ തോതിൽ വിളകൾ നശിപ്പിക്കുകയും വേലികൾ വലിച്ചുകീറുകയും ചെയ്തു. യഥാർത്ഥത്തിൽ മധ്യ ഓസ്‌ട്രേലിയയിൽ കാണപ്പെടുന്ന ഈ ഭീമൻ പക്ഷികൾ, വെള്ളം തേടി പടിഞ്ഞാറോട്ട് നീങ്ങുകയും അവരുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നായ ഗോതമ്പ് കണ്ട് പാടങ്ങളിൽ എത്തുകയുമായിരുന്നു. ആദ്യമെല്ലാം ഇതിനെ കർഷകർ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും പക്ഷികളുടെ എണ്ണം കൂടുകയും ശല്യം വർദ്ധിക്കുകയുമാണ് പിന്നിട് ഉണ്ടായത്. പക്ഷികളെ പരാജയപ്പെടുത്താൻ കഴിയാതെ കർഷകർ സഹായം ആവശ്യപ്പെട്ട് കാൻബെറയിലേക്ക് പോവുകയും ഈ പ്രതിസന്ധി ഓസ്ട്രേലിയൻ ഭരണകൂടത്തിന്റെ ശ്രദ്ധയിലെത്തിക്കുകയും ചെയ്തു. അന്നത്തെ പ്രതിരോധ വകുപ്പിന്റെ തലവൻ ആയ ജേർജ് പിയേഴ്സ്, ഈ പക്ഷികളെ കൊന്ന് കർഷകരെ സഹായിക്കുന്നതിനായി, മെഷിൻഗണുമായി സൈനികരെ അയക്കാം എന്ന് ഏറ്റു.
മെഷീൻ ഗൺ, 10,000 റൗണ്ട് വെടിമരുന്ന് എന്നിവ ഉപയോഗിച്ച് സായുധരായ ഒരു ചെറിയ സൈനിക ടീം എമു വേട്ടയ്ക്ക് ഇറങ്ങി. 1932 ഓക്ടേബറിൽ ആരംഭിക്കാൻ തീരുമാനിച്ച ദൗത്യം പ്രതികൂല കാലവസ്ഥ കാരണം മാറ്റിവെക്കേണ്ടി വന്നു. 1932 നവംബർ 2 ന് മേജർ ജി.പി.ഡബ്ല്യു.മെർഡിത്തിന്റെ നേതൃത്വത്തിലുള്ള സൈന്യം പുറപ്പെട്ടു. കാമ്പ്യൻ (Campion) ആയിരുന്നു എമു ശല്യത്തിന്റെ സിരാകേന്ദ്രം. അവിടെയെത്തിയ ദൗത്യസേനയ്ക്ക് 50 പക്ഷികളടങ്ങുന്ന കൂട്ടത്തെ കാണാൻ സാധിച്ചു. സൈനികർ അവരുടെ എതിരാളികളെ വിലകുറച്ച് കാണുകയും എമുവിനെ വെടിവയ്ക്കാനുള്ള നിരവധി ശ്രമങ്ങൾ പരാജയപ്പെടുകയും ചെയ്തു. ഈ പക്ഷികൾ ചെറുകൂട്ടങ്ങളായി പിരിഞ്ഞ് പല ദിക്കിലേക്കും ഓടുകയായിരുന്നു. വെടിയുടെ ശബ്ദം കേൾക്കുമ്പോൾ തന്നെ വളരെ വേഗത്തിൽ ഓടി രക്ഷപ്പെടുന്ന എമു പക്ഷികൾ കൂട്ടമായി സഞ്ചരിക്കതെ ചെറിയ ചെറിയ ഗ്രൂപ്പുകൾ ആയി ആണ് പിന്നീട് സഞ്ചരിച്ചത്. ആക്രമണത്തിന്റെ രണ്ടാം ദിവസം സൈനികർ ഒരു ഡാമിനടുത്ത് പതിയിരുന്ന് ആക്രമണം നടത്താൻ തീരുമാനിച്ചു. ആയിരത്തോളം എമു പക്ഷികളിലേക്ക് നൂറുകണക്കിന് വെടിയുണ്ടകൾ പായിച്ചിട്ടും, ഒരു ഡസനിൽ താഴെ മാത്രമാണ് കൊല്ലപ്പെട്ടത്. “ഓരോ കൂട്ടത്തിനും അതിന്റെ നേതാവുണ്ട്… തന്റെ കൂട്ടാളികൾ ഗോതമ്പ് കഴിക്കുക്കുമ്പോൾ അവ നിരീക്ഷിക്കുന്നു” എന്നാണ് മേജർ ജി.പി.ഡബ്ല്യു. മെറിഡിത്ത് അഭിപ്രായപ്പെട്ടത്.
സൈനികർ പ്രതീക്ഷിച്ചതിലും സമർത്ഥരും വേഗമുള്ളവരുമായിരുന്നു എമു പക്ഷികൾ, അതിനാൽ മെറിഡിത്തും കൂട്ടരും ഒടുവിൽ പരാജയപ്പെടുകയും ഇവരെ കാൻബെറയിലേക്ക് തിരിച്ചുവിളിക്കുകയും ചെയ്തു. അങ്ങനെ ഒടുവിൽ എമുകൾ ഈ യുദ്ധത്തിൽ വിജയിച്ചു. ഇതിൽ കൊല്ലപ്പെട്ട എമുകളുടെ എണ്ണത്തെക്കുറിച്ച് കൃത്യമായ കണക്കുകൾ ലഭ്യമല്ല.