എഡ്മോണിയ ലൂയിസ്
- admin trycle
- Jun 27, 2020
- 0 comment(s)

എഡ്മോണിയ ലൂയിസ്
ആദ്യത്തെ പ്രൊഫഷണൽ അമേരിക്കൻ ശില്പികളിൽ ഒരാളായ എഡ്മോണിയ ലൂയിസ് ഒരു ശിൽപിയെന്ന നിലയിൽ അന്താരാഷ്ട്ര പ്രശസ്തിയും അംഗീകാരവും നേടിയ ആഫ്രിക്കൻ-അമേരിക്കൻ, നേറ്റീവ് അമേരിക്കൻ വിഭാഗത്തിൽ പെട്ട ആദ്യ വനിതയായിരുന്നു. മതപരവും ക്ലാസിക്കലുമായ വിഷയങ്ങളെ തന്‍റെ ശില്പത്തിലേക്ക് സന്നിവേശിപ്പിച്ച ഇവരുടെ ശില്പങ്ങളെല്ലാം തന്നെ 20-ാം നൂറ്റാണ്ടിലെ കലാസ്വാദകരുടെ പ്രശംസ നേടിയവയാണ്. അമേരിക്കൻ ശില്പി എന്ന നിലയിലാണ് പ്രശസ്തയെങ്കിലും ഇറ്റലിയിലെ റോമിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ ഭൂരിഭാഗവും ഇവർ ചിലവഴിച്ചത്.
1844 ജൂലൈ 4-ന് ന്യൂയോര്‍ക്കിലെ ഗ്രീന്‍ബുഷില്‍ ജനിച്ച എഡ്മോണിയ ലൂയിസിന്‍റെ യഥാര്‍ത്ഥ പേര് മേരി എഡ്മോണിയ ലൂയിസ് എന്നാണ്. ചെറുപ്രായത്തിൽ തന്നെ അനാഥയായിത്തീർന്ന ഇവരെ പിന്നീട് അമ്മയുടെ ചില ബന്ധുക്കളാണ് വളർത്തിയത്. ഒരു മൂത്ത സഹോദരന്റെ സഹായത്തോടെ 1859 ൽ ഒബർലിൻ കോളേജിലെ പ്രിപ്പറേറ്ററി വിഭാഗത്തിൽ അവൾ പ്രവേശനം നേടി. ഒബർലിനിൽ വെച്ച് ലൂയീസ് തന്റെ കഴിവുകൾ മെച്ചപ്പെടുത്തി, ചിത്രരചനയിലായിരുന്നു എഡ്മോണിയ പ്രാഗത്ഭ്യം പുലര്‍ത്തിയിരുന്നത്. രണ്ട് വെളുത്ത സഹപാഠികൾക്ക് വിഷം നൽകിയെന്ന് ലൂയിസിനെതിരെ വ്യാജ ആരോപണം ഉന്നയിക്കപ്പെട്ടതോടെ ഒബർലിനിലെ ജീവിതം ദുഷ്കരമായി. വെള്ളക്കാരായ ആൾക്കൂട്ടത്താൽ ആക്രമിക്കപ്പെട്ട ലൂയിസ് പിന്നീട് കുറ്റവിമുക്തയാവുകയും മസാച്യുസെറ്റ്സിലെ ബോസ്റ്റണിലേക്ക് മാറുകയും ചെയ്തു. സഹോദരന്‍റ സഹായത്തോടെ ബോസ്റ്റണിലെത്തിയ അവൾ വില്യംലോയ്ഡ് ഗായ്സണ്‍ എന്നയാള്‍ മുഖേന അവിടുത്തെ ഒരു ശില്പിയെ പരിചയപ്പെടുകയും, അയാളില്‍ നിന്ന് ശില്പനിര്‍മ്മാണത്തിന്‍റെ പ്രാഥമികവശങ്ങള്‍ സ്വായത്തമാക്കുകയും ചെയ്തു.
1864-ന്‍റെ തുടക്കത്തില്‍ വില്‍പ്പനക്കായി പരസ്യപ്പെടുത്തിയ ഒരു മുദ്രയായിരുന്നു ലൂയിസിന്‍റെ ആദ്യ ശില്പം. അതില്‍ അടിമത്തത്തെ എതിർത്ത ജോണ്‍ ബ്രൗണിന്‍റെ തല കൊത്തിയിരുന്നു. ആ വര്‍ഷത്തിനൊടുവില്‍ നിർമ്മിച്ച കേണൽ റോബര്‍ട്ട് ഗൗള്‍ഡ് ഷായുടെ പ്രതിമ വ്യാപകമായി പ്രശംസിക്കപ്പെട്ടു. ഇന്നുവരെയുള്ള അവളുടെ ഏറ്റവും പ്രസിദ്ധമായ ശില്പമായിരുന്നു ഇത്, ഇതിന്റെ പകർപ്പുകളുടെ വിൽപ്പനയിലൂടെ അവൾ സമ്പാദിച്ച പണം നിരവധി കലാകാരന്മാരുടെ വസതിയായ റോമിലേക്ക് പോകാൻ അവളെ അനുവദിച്ചു. 1865-ല്‍ റോമിലെത്തിയ ലൂയിസ് ഷാര്‍ലറ്റ് കുഷ്മാന്‍, ഹാരിയറ്റ് ഹോസ്മാന്‍, അമേരിക്കന്‍ കലാകൂട്ടായ്മ എന്നിവരുടെ കീഴില്‍ ശില്പനിര്‍മ്മാണം ആരംഭിച്ചു. മാര്‍ബിളില്‍ ശില്പം കൊത്തുന്നതില്‍ പ്രഗത്ഭയായിരുന്നു ഇവർ.
ഒരു ശില്പിയെന്ന നിലയില്‍ ലൂയീസ് വളരെ വേഗം പ്രശസ്തയായി. സാമൂഹിക പ്രശ്നങ്ങളിൽ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അവർ കൊത്തിയെടുത്ത ശില്പങ്ങളാണ് ദ ഫ്രീഡ് വുമണ്‍ ആന്‍റ് ചൈല്‍ഡ്(1866), ഫോറെവര്‍ ഫ്രീ(1867) എന്നിവ. ഹെന്‍റി വേഡ്സ് വര്‍ത്ത് കവിതകളില്‍ ആകൃഷ്ടയായ ലൂയീസ് തന്‍റെ ശില്പങ്ങളില്‍ അമേരിക്കന്‍ സങ്കല്പങ്ങളെ കൊത്താന്‍ തുടങ്ങി. ദ സോങ് ഓഫ് ഹിയാവത(1855) അടിസ്ഥാനമാക്കി ദ മാര്യേജ് ഓഫ് ഹിയാവത(1868), ദ ഓള്‍ഡ് ആരോ മേക്കര്‍ ആന്‍ഡ് ഹിസ് ഡോട്ടര്‍ (ഒന്നിലധികം രീതിയില്‍) എന്നിവ കൊത്തിയിട്ടുണ്ട്. ഇവരുടെ മറ്റ് പ്രധാന ശില്പങ്ങള്‍ ബസ്റ്റ്സ് ഓഫ് ഗാരിസണ്‍(1866), അബ്രഹാം ലിങ്കണ്‍(1871), ഹൈജിയ(1871) എന്നിവയാണ്. 1876-ല്‍ ഫിലാഡല്‍ഫിയയില്‍ ക്ലിയോപാട്രയുടെ മരണ ശതാബ്‌ദി ദിനത്തില്‍ നടത്തിയ പ്രദര്‍ശനത്തോടെ ലൂയീസ് ആഗോളപ്രശസ്തയായി. 1907-ല്‍ ലണ്ടനില്‍ വച്ച് ഈ കലാകാരി അന്തരിച്ചു.